ഫീസടയ്ക്കാതെ ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല : പരീക്ഷമുടങ്ങാതിരിക്കാൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിക്ക് രാത്രി വൈകി വിദ്യാഭ്യാസ വായ്പ അനുദിച്ച് ബാങ്ക് ഓഫ് ബറോഡ
മായന്നൂര്‍ : പരീക്ഷമുടങ്ങാതിരിക്കാന് രാത്രിയിലും ബാങ്ക് പ്രവര്‍ത്തിച്ച് ബി-ടെക്ക് വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ വായ്പ നൽകി പാറമേല്‍പ്പടിയിലെ ബാങ്ക് ഓഫ് ബറോഡ ശാഖ മാതൃകയായി. മായന്നൂര്‍ മൂത്തേടത്ത്പടി കൃഷ്ണന് കുട്ടിയുടെയും സരോജിനിയുടെയും മകള്‍ സൗമ്യയ്ക്ക് ലോണ്‍ അനുവദിക്കുന്നതിനാണ് ബാങ്ക് തിങ്കഴാഴ്ച രാത്രി വൈകിയും പ്രവര്‍ത്തിച്ചത്.ഫീസടയ്ക്കാത്തതിനാല്‍ സൗമ്യയ്ക്ക് പരീക്ഷയെഴുതാന്‍ കോളേജ് അധികൃതർ ഹാള്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല. നാലാം സെമസ്റ്റര്‍ പരീക്ഷകളാണ് അടുത്ത ദിവസം മുതല്‍ ആരംഭിക്കുന്നത്. ഫീസടയ്ക്കാന്‍ പണമില്ലാതായതോടെ പട്ടികജാതി വിഭാഗത്തിലുള്‍പ്പെടുന്ന ഈ കുടുംബമാകെ ആകെ വിഷമഘട്ടത്തിലായി. ബാങ്കില്‍ 2 വര്‍ഷം മുമ്പാണ് സൗമ്യ വിദ്യാഭ്യാസ വായ്പയ്ക്കായി അപേക്ഷിച്ചിരുന്നത്. പല കാരണങ്ങളാല്‍ ലോണ്‍ അനുവദിക്കപ്പെട്ടില്ല. ഇതിനിടെ 3 സെമസ്റ്ററുകള്‍ കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ വീണ്ടും വായ്പയ്ക്കായി പാറമേല്‍പ്പടിയിലെ ബാങ്ക് ഓഫ് ബറോഡയെ സമീപിക്കുകയായിരുന്നു. നിലവിലെ മാനേജര്‍ ലോണിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു. പക്ഷേ അനുവദിക്കുന്ന 2 ലക്ഷം ലോണിന്റെ 44 ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടാനാവശ്യപ്പെട്ടെങ്കിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഈ കുടുംബത്തിന് അതിന് കഴിഞ്ഞില്ല. കയ്യിലുണ്ടായിരുന്നത് ആകെ 35,000 രൂപ മാത്രം. എല്ലാം കൂടി ആകെ 75000 രൂപ കെട്ടിയാലേ ലോണ്‍ ലഭിക്കുകയുള്ളൂവെന്നു ബാങ്കുകാര് പറഞ്ഞതോടെ ആധി ഇരട്ടിച്ചു. ഇതോടെ സൗമ്യയും അമ്മാവന് സുരേഷ് ബാബുവും വൈകീട്ടോടെ ബാങ്കിലെത്തി മാനേജര്‍ ആര് കെ റിനീഷും അസി മാനേജര്‍ ഹരിതയുമായും സംസാരിച്ചു. ഇതിനിടെ മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര് വിശ്വനാഥന് വിവരമറിഞ്ഞ് എത്തിയതോടെ ബാങ്കില്‍ തിരക്കിട്ട ചര്‍ച്ചയായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രശാന്തിയും പ്രസ്തുത വിഷയത്തിൽ ബാങ്ക് അധികൃതരോട് പലതവണ ഇടപെട്ടിരുന്നു.
പി ആർ കൃഷ്ണകുമാർ, ജെയ്സൺ മത്തായി, കെ എസ് ദിനേഷ് എന്നീ പൊതുപ്രവർത്തകരും സൗമ്യയ്ക്ക് പിന്തുണയുമായി ബാങ്കില്‍ എത്തിയതോടെ റീജണല്‍ ഓഫീസിലേക്ക് വിവരമറിയിച്ചു. 7.30യോടെ സൗമ്യയ്ക്ക് ലോണ്‍ നല്കുവാന് റീജണല്‍ ഓഫീസില്‍ നിന്നും അറിയിപ്പു ലഭിച്ചു. ഇതോടെ തേര്‍ഡ് പാര്‍ട്ടി ഗ്യാരന്റിയില്‍ ബറോഡ ജ്ഞാന്‍ പദ്ധതിയില്‍ 2 ലക്ഷം രൂപ വായ്പ അനുവദിക്കുകയായിരുന്നു. സൗമ്യയുടെ കയ്യില്‍ നിന്നുമുള്ള 35,000 രൂപ ഉള്‍പ്പെടെ ചേര്‍ത്ത് 1,63,300 രൂപ കോളേജ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കോളേജ് പഠനം പൂര്‍ത്തിയായശേഷം ഒരു വര്‍ഷം മൊറോട്ടറിയം വിദ്യാഭ്യാസ വായ്പയ്ക്ക് ലഭിക്കുമെന്ന് ബാങ്ക് മാനേജര്‍ ആര് കെ റിനീഷ് പറഞ്ഞു. എല്ലാരോടും നന്ദി അറിയിക്കുന്നതായി സൗമ്യയും വീട്ടുകാരും അറിയിച്ചു.