ട്രെന്റ് ഇടത്തോട്ടോ
ചേലക്കര : ആലത്തൂര്‍ ലോക്സഭ സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് തോന്നൂര്‍ക്കര എംഎസ്എന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് ചേലക്കര നിയോജക മണ്ഡലം കണ്‍വന്‍ഷനിലാണ് ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞത്. തുടര്‍ന്ന് പുറത്ത് കസേരകളിട്ട് ഇരിപ്പിടമൊരുക്കി. ഹാളിനകത്തും നിരവധി പേരാണ് നിന്ന് കണ്‍വന്‍ഷനിന്റെ ഭാഗമായത്. ചേലക്കരയുടെ മാത്രമല്ല ആലത്തൂരിന്റെ മൊത്തം ട്രെന്റാണ് പൊതുവെ വെളിവായതെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍. കെ രാധാകൃഷ്ണന് പങ്കെടുക്കുന്ന യോഗങ്ങളില്‍ പൊതുവെ ജനനിബിഡമാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. പി കെ ബിജു ഉദ്ഘാടനം ചെയ്തു. സിപിഐ ചേലക്കര മണ്ഡലം സെക്രട്ടറി പി ശ്രീകുമാരന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന് എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, എല്‍ഡിഎഫ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി സി കെ രാജേന്ദ്രന്, കേരള കോണ്‍ഗ്രസ് എം തൃശൂര്‍ ജില്ലാ സെക്രട്ടറി ഷാജി ആനിത്തോട്ടം, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രഘു കെ മാരാര്‍, ജനതാദള്‍ ജില്ലാ സെക്രട്ടറി പി ഐ റപ്പായി, കേരള കോണ്‍ഗ്രസ് ബി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഷൈജു ബഷീര്‍, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി ബാലന് കണിമംഗലം, ആര്‍ജെഡി ജില്ലാ സെക്രട്ടറി പി ജി കൃഷ്ണന്‍കുട്ടി, ഐഎന്‍എല്‍ ജില്ല സെക്രട്ടറി അലി അമ്പലത്ത്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി നഫീസ, പി എ ബാബു, മുന്‍ എംഎല്‍എ യു ആര് പ്രദീപ്, കെ കെ മുരളീധരന്, കെ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.