വില്വമലയെ ആര്‍ദ്രമാക്കി തിരുവില്വാമല ഏകാദശി നാളിലെ പഞ്ചരത്ന കീര്‍ത്തനാലാപനം
തിരുവില്വാമല : തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ഏകാദശി നാളിലാണ് സംഗീതോത്സവത്തിന് സമാപനം കുറിച്ച് ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം അവതരിക്കപ്പെട്ടത്. ഭക്തജനങ്ങളും സംഗീതാസ്വാദകരും വിവിധ രാഗങ്ങളിലുള്ള കീര്‍ത്തനത്തില്‍ ലയിച്ച് ഏകാദശിയുടെ പുണ്യനിമിഷങ്ങളേറ്റുവാങ്ങി. രാഗരത്‌നം മണ്ണൂര്‍ രാജകുമരാനുണ്ണിയാണ് കീര്‍ത്തനാലാപനത്തിന് നേതൃത്വം നല്‍കിയത്. നവമി ദിവസം നാദസ്വരത്തോടെ ആരംഭിക്കുന്ന ശ്രീ വില്വാദ്രിനാഥ സംഗീതോത്സവം മൂന്നാം നാളായ ഏകാദശി ദിവസം പഞ്ചരത്ന കീര്‍ത്തനാലപനത്തോടെ സമാപിക്കും ‘കരുണ ചെയ്വാനെന്തു താമസം കൃഷ്ണാ’ എന്ന കീര്‍ത്തനത്തോടെ ആയിരുന്നു മംഗളം പാടിയിരുന്നത്. കാലക്രമേണ സംഗീതോത്സവം പഞ്ചരത്നത്തോടെ അവസാനിപ്പിച്ചു. ശ്രീ ത്യാഗരാജ സ്വാമികള്‍ ശ്രീരാമനെ സ്തുതിച്ചുകൊണ്ട് നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ എന്നീ അഞ്ചു രാഗങ്ങളില്‍ എഴുതിയ ജഗദാനന്ദ കാരക, ദുഡുകുഗള, സാധിഞ്ചെനേ, കന കന രുചിരാ, എന്തരോ മഹാനുഭാവുലു എന്നീ അര്‍ത്ഥവത്തായ അഞ്ചു കൃതികളാണ് കര്‍ണാടക സംഗീതത്തിലെ അഞ്ചു രത്നങ്ങളായി പാടിവരുന്നത്. സൗരാഷ്ട്ര രാഗത്തിലുള്ള ഗണപതി സ്തുതിയായ ‘ശ്രീ ഗണപതിനിം’ എന്ന കൃതി കൂടി തുടക്കത്തില്‍ പാടും. തമിഴ്നാട്ടില്‍ തഞ്ചാവൂരിനടുത്തു തിരുവയ്യാറ് എന്ന സ്ഥലത്ത് കാവേരി നദിക്കരയില്‍ ശ്രീ ത്യാഗരാജ സ്വാമികളുടെ സമാധി ദിനമായ പുഷ്യ ബഹുള പഞ്ചമി ദിനത്തില്‍ വിവിധ ദ്രവ്യങ്ങളെക്കൊണ്ട് അഭിഷേകം നടക്കുന്ന ശുഭ വേളയില്‍ ഇന്ത്യയിലെ ഒരുവിധം എല്ലാ കര്‍ണാടക സംഗീതജ്ഞരും ഒത്തുകൂടി മേല്‍പ്പറഞ്ഞ അഞ്ചു കൃതികളും പാടുന്നു എന്നതില്‍ നിന്നുതന്നെ പഞ്ചരത്നത്തിന്റെ മഹിമ മനസ്സിലാക്കാം. ശ്രീരാഗത്തില്‍ ‘എന്തരോ മഹാനുഭാവുലു’ എന്ന കീര്‍ത്തനത്തോടെ പഞ്ചരത്ന കീര്‍ത്തനാലാപനം സമാപിക്കുമ്പോള്‍ ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ കുളിര്‍മഴ പെയ്ത അനുഭൂതിയായിരുന്നു വില്വമലയുടെ താഴ് വാരവും പരിസരവും.