ബില്ലുകള്‍ ഒപ്പിടാന്‍ വൈകിപ്പിച്ച ഉദ്യോഗസ്ഥയെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തടഞ്ഞുവച്ചു

പഴയന്നൂര്‍ : ബില്ലുകള്‍ ഒപ്പിടാന്‍ വൈകിപ്പിച്ച എല്‍എസ്ജിഡി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറെ വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തടഞ്ഞുവച്ചു. ബില്ലുകള്‍ ഒപ്പിടാത്തതിനാല്‍ ഫണ്ടുകള്‍ യഥാസമയം കരാറുകാര്‍ക്ക് മാറ്റിയെടുക്കാനാകാത്തതില്‍ പ്രതിഷേധിച്ചാണ് പഴയന്നൂര്‍ ബ്ലോക്ക് എല്‍എസ്ജിഡി എല്‍എസ്ജിഡി അസി. എക്സിക്യൂട്ടീവ്  ടി എന്‍ ഉമയെ ബ്ലോക്ക് കാര്യാലയത്തില്‍ മണിക്കൂറോളം തടഞ്ഞുവച്ചത്. ശനിയാഴ്ച പകല്‍ പതിനൊന്നോടെ എല്‍എസ്ജിഡി ഉദ്യോഗസ്ഥയും തൊഴിലുറപ്പ് അക്രഡിറ്റഡ് എന്‍ജിനിയറും പഞ്ചായത്തംഗം കെ ആര്‍ ഗിരീഷ് കുമാറും ബില്ലുകള്‍ ഒപ്പിട്ടുവാങ്ങാനെത്തിയിരുന്നു. പക്ഷേ ഒപ്പിട്ടു നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുള്‍ ഖാദറുള്‍പ്പെടുന്ന ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും എത്തിയത്. തുടര്‍ന്ന് 6 ലക്ഷത്തിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ ബില്‍ ഒപ്പിട്ടുനല്‍കി. മറ്റു ബില്ലുകളില്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥ വിമുഖത പ്രകടിപ്പിച്ചു. ഈ ഉദ്യോഗസ്ഥ മറ്റൊരു സ്ഥലത്തേയ്ക്ക് സ്ഥലംമാറ്റമായതിനാല്‍ ഈ ബില്ലുകളെല്ലാം സ്പില്‍ ഓവര്‍ വര്‍ക്കായി മാറി പഞ്ചായത്തിന് ഗുരുതമായ സാമ്പത്തിക നഷ്ടം ഉണ്ടാകുമായിരുന്നു.വിവരമറിഞ്ഞ് പഴയന്നൂര്‍ പോലീസും സ്ഥലത്തെത്തി. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫിന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുള്‍ ഖാദറും കെ ആര്‍ ഗിരീഷ്‌കുമാര്‍, എം സുലൈമാന്‍ എന്നിവര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ ബാക്കിയുള്ള ബില്ലുകളില്‍ തിങ്കളാഴ്ച ഒപ്പിട്ടു നല്‍കാമെന്ന് രേഖാമൂലം എഴുതിനല്‍കിയതിനെത്തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുള്‍ ഖാദര്‍,വൈസ് പ്രസിഡന്റ് പി നിര്‍മലാദേവി, അജിത രവികുമാര്‍ , കെ.ആര്‍ ഗിരീഷ് കുമാര്‍ , എം. ബിന്ദു, താജുനീസ ജാഫര്‍, എല്‍.എസ്.ജി.ഡി. എഞ്ചിനീയര്‍ ആര്‍.ആര്‍. പ്രിയ, തൊഴിലുറപ്പ് അക്രഡിറ്റ് എഞ്ചിനിയര്‍ ഷീല,പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ ഉപരോധം രാത്രി എട്ടരവരെ തുടര്‍ന്നു.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: