വെള്ളാറുകുളത്തെ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു : പട്ടാപ്പകല്‍ കടത്താന്‍ ശ്രമിച്ചത് 200 കി.ഗ്രാം കുത്തരി

പഴയന്നൂർ : വെള്ളാറുകുളത്തെ എആർഡി 232ാം നമ്പർ റേഷൻകടയുടെ ലൈസൻസ് സസ്‌പെന്റ്‌ ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ അറിയിച്ചു. അന്വേഷണ വിധേയമായി 6 മാസത്തേക്കാണ് റേഷന്‍കട ലൈസന്‍സിയുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. റേഷൻ കടയിൽ നിന്നും പട്ടാപ്പകൽ 200 കി.ഗ്രാം കുത്തരി വെള്ളിയാഴ്ച രാവിലെ കടത്താൻ ശ്രമിച്ചത് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. ബിജെപി മണ്ഡലം സെക്രട്ടറി പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകരാണ് അരി കടത്തുന്നത് പുറംലോകത്തെ അറിയിച്ചത്. 4 പ്ലാസ്റ്റിക് ചാക്കിലാക്കിയ കുത്തരി പെട്ടി ഓട്ടോറിക്ഷയിലേക്ക് മാറ്റിയ ഉടനെയാണ് കടത്താനുള്ള ശ്രമം കയ്യോടെ പിടികൂടിയത്. ഇതോടെ നാട്ടുകാരും ഒപ്പം കൂടി. പഴയന്നൂർ എസ്‌ഐ ഫക്രുദീൻ സംഭവ സ്ഥലത്തെത്തി. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് കുത്തരി സ്‌റ്റോക്ക് 519.5 കിഗ്രാം അധികമാണെന്ന് കണ്ടെത്തിയത്. ഈ സ്‌റ്റോക്ക് പ്രകാരമുള്ള 200 കി..ഗ്രാം അരിയാണ് പെട്ടി ഓട്ടോറിക്ഷയിൽ നിന്നും കണ്ടെത്തിയത്. ബാക്കിയുള്ള സ്‌റ്റോക്ക് റേഷൻകടയിലെ വിവിധ പ്ലാസ്റ്റിക് ചാക്കുകളിലായി കണ്ടെത്തി. കെ എസ് സജിതയുടെ പേരിലാണ് ലൈസൻസി. അന്ത്യോദയ അന്നയോജന പ്രകാരമുള്ള അരിയിലാണ് കൃത്രിമം കാണിച്ചതായി മനസ്സിലാക്കിയിരിക്കുന്നത്. തലപ്പിള്ളി സപ്ലൈ ഓഫീസർ ഇൻ ചാർജ്ജ് സാബു പോൾ തട്ടത്തിൽ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ റീന വർഗീസ്, ടി എസ് രതീഷ്, കെ വി വിജി എന്നിവർ അന്വേഷണത്തിനെത്തി. ഉപഭോക്താക്കള്‍ക്ക് സമീപത്തെ റേഷന്‍കടകളില്‍ നിന്നും വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും ഡിഎസ്ഒ അറിയിച്ചു. തലപ്പിള്ളി സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക്  വരുന്ന മുറയ്ക്ക് മറ്റ് നടപടികള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: