ഹൃദയങ്ങളില്‍ ആവേശം നിറച്ച് രമ്യ ഹരിദാസ്

ചേലക്കര :  ആലത്തൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പ്രചാരണത്തിന് ചേലക്കര  നിയോജക മണ്ഡലത്തില്‍ തുടക്കമായി. ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ എന്റെ ഇന്ത്യ എന്റെ രാജ്യം പദയാത്രയില്‍ രമ്യ ഹരിദാസ് അണിനിരന്നതോടെയാണ് പ്രചാരണം കൊടുമ്പിരികൊണ്ടത്. തിരുവില്വാമലയില്‍ നിന്നും തുടക്കമിട്ട പര്യടത്തിനിടെ രമ്യ ഹരിദാസ് കൈകോര്‍ത്തതോടെ പ്രവര്‍ത്തകരുടെ ആവേശം വാനോളമായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി എം അനീഷ് നയിച്ച പദയാത്ര ശനിയാഴ്ച രാവിലെ 8.30-ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വേണുഗോപാലമേനോന്‍ ഉദ്ഘാടനം ചെയ്തു. ടി ഗോപാലകൃഷ്ന്‍, ടി എ രാധാകൃഷ്ണന്‍, പി സുലൈമാന്‍, പി കെ മുരളീധരന്‍, അശോകന്‍ കുന്നത്ത് , ടി എം കൃഷ്ണന്‍, എം ഉദയന്‍, എ സൗഭാഗ്യവതി, അഖിലാഷ് പാഞ്ഞാള്‍, കെ കെ പ്രകാശന്‍, കെ എ ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പദയാത്രയ്ക്ക് പാട്ടുകൊട്ടുംകാവിലും പഴയന്നൂര്‍ സെന്ററിലും സ്വീകരണമൊരുക്കി. വീട്ടുകാരോടും നാട്ടുകാരോടും യാത്രക്കാരോടും വോട്ടഭ്യര്‍ഥിക്കാനും രമ്യ ഹരിദാസ് മറന്നില്ല.  ശനിയാഴ്ച രാവിലെ എട്ടിന് ചിറ്റൂരില്‍ നിന്നാണ് രമ്യ ഹരിദാസിന്റെ പര്യടനത്തിന് തുടക്കിട്ടത്. മുതിര്‍ന്ന നേതാവ് കെ അച്യുതനെ വീട്ടില്‍ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയശേഷമാണ് ഇലക്ഷന്‍ പ്രചാരണത്തിനിറങ്ങിയത്. പദയാത്ര വൈകിട്ട് ചേലക്കര ബസ് സ്റ്റാന്‍ഡില്‍ സമാപിക്കുന്നതിനോടനുബന്ധിച്ച് പ്രത്യേക റോഡ് ഷോയും നടന്നു.  റോഡ് ഷോയിലും മിന്നുംതാരമായി രമ്യ ഹരിദാസ് പങ്കെടുത്തു. നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും റോഡ് ഷോയുടെ ഭാഗമായി. ചുറുചുറുക്കോടെ ഓടി നടന്ന് പ്രസരിപ്പാര്‍ന്ന മുഖഭാവങ്ങളോടെ ജനങ്ങളെ അഭിമുഖീകരിച്ച് ജനഹൃദയങ്ങളുടെ നിറ പുഞ്ചിരികളേറ്റുവാങ്ങിയാണ് രമ്യ മടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: