തിരുവില്വാമലയിലെ പ്രമുഖ മദ്യനിര്‍മാണ കമ്പനി അടച്ചുപൂട്ടി

തിരുവില്വാമല : പാലക്കാട് ചന്ദ്രനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരുവില്വാമല പാമ്പാടിയിലെ
എസ്ഡിഎഫ് ഇന്‍ഡസ്ട്രീസ് (പഴയ സൂപ്പര്‍സ്റ്റാര്‍ ഡിസ്റ്റലറീസ് ആന്‍ഡ് ഫുഡ്‌സ്) അടച്ചിട്ടു. മാര്‍ച്ച് 22 മുതലാണ് കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചത് . യൂണിയനെയോ തൊഴിലാളികളേയോ അറിയിക്കാതെയാണ് കമ്പനി ഉല്പാദനം നിറുത്തി വെച്ചിരിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. 1 ലക്ഷം കപ്പാസിറ്റിയുടെ ഡിഎം പ്ലാന്റ് ഉള്ള കമ്പനിയാണ്. കേരളത്തിനകത്ത് വില്‍പ്പനയും 40 രാജ്യങ്ങളിലേക്ക് കയറ്റുമതിയുമുള്ള സ്ഥാപനമാണ് തൊഴിലാളിദ്രോഹ നിലപാട് കൈക്കൊണ്ടിരിക്കുന്നത്. 30 വര്‍ഷമായി 300 ല്‍ പരം തൊഴിലാളികള്‍ അവിടെ ജോലി ചെയ്തു വരുന്നു. 4 വര്‍ഷമായി തൊഴിലാളികളുടെ പിഎഫ് അടച്ചിട്ടില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം. എന്നാല്‍ തൊഴിലാളികളുടെ വിഹിതം അവരുടെ ശമ്പളത്തില്‍ നിന്നും പിടിക്കുന്നുമുണ്ട്. ഇതിനെതിരെ സിഐടിയു യൂണിയന്‍ പി.എഫ്. കമ്മീഷണര്‍ക്ക് പരാതി കൊടുക്കുകയും അദാലത്തില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും നാളിതുവരെ ആയിട്ടും മാനേജ്‌മെന്റ് പി എഫ് തുക അടച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. അതുപോലെ ഇ എസ് ഐ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. പ്രവര്‍ത്തി ദിനം കുറവായത് കൊണ്ടാണ് അതും ലഭിക്കാതെ പോകുന്നത്. തൊഴിലാളികള്‍ പണി ചെയ്ത കൂലിപോലും 45 ദിവസങ്ങള്‍ കഴിഞ്ഞാണ് കമ്പനി നല്‍കിയിരുന്നത്. 2021 ഡിസംബര്‍ 29 ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം ലഭിക്കുവാന്‍ 22 ദിവസം സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ചെയ്തിരുന്നു. പിന്നീടാണ് അത് ലഭിച്ചത്. മിനിമം വേതനത്തില്‍ ലഭിക്കുവാനുള്ള തുക പോലും നാളിതുവരെയായിട്ടും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. മിനിമം വേതനം ലഭിച്ചതോടെ തൊഴിലാളികള്‍ക്ക് പ്രവൃത്തിദിനങ്ങള്‍ മാസത്തില്‍ 5, 6 ദിവസങ്ങളായി ചുരുങ്ങി. തൊഴില്‍ വകുപ്പും സര്‍ക്കാരും ഇടപെടുമെന്നുള്ള പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: