പഴയന്നൂര്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറി : ബോംബ് സ്ക്വാഡെത്തി
പഴയന്നൂര്‍: പഴയന്നൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പന്തുപോലുള്ള വസ്തു പൊട്ടിത്തെറിച്ച് അപകടം. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണ സമയത്ത് കളിക്കുന്നതിനിടെ അടല്‍ ടിങ്കറിങ് ലാബ് കെട്ടിട വരാന്തയില്‍ തിങ്കള്‍ പകല്‍ 1.30യോടെയാണ് സംഭവം. വിദ്യാര്‍ഥി ഈ വസ്തു കാലുകൊണ്ട് തട്ടാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിയതെന്നാണ് പഴയന്നൂര്‍ പൊലീസ് പറയുന്നത്. കാലില്‍ നേരിയ പരിക്കുകളേയുള്ളൂ.
വരാന്തയുടെ തറയ്ക്ക് കേടുപാടുണ്ടായി. പഴയന്നൂര്‍ പൊലീസ് പൊട്ടിത്തെറി നടന്ന ഭാഗം സീല്‍ ചെയ്തു. തൃശൂര്‍ സിറ്റി പൊലീസില്‍നിന്നുള്ള ബോംബ് സ്ക്വാഡിലെ സ്നിഫര്‍ ഡോഗ് സ്റ്റെഫിയുടെ നേതൃത്വത്തിലുള്ള സംഘം പഴയന്നൂര്‍ സ്കൂളില്‍ അന്വേഷണം നടത്തി. സംഭവത്തില്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നതായി പഴയന്നൂര്‍ സിഐ കെ എ മുഹമ്മദ് ബഷീര്‍ പറഞ്ഞു.