പഴയന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വയോജനങ്ങള്‍ക്ക് പാര്‍ക്ക്

പഴയന്നൂര്‍: പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വടക്കേത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 7 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വയോജന പാര്‍ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് നിര്‍വഹിച്ചു. 100 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള വടക്കേത്തറ ആശുപത്രിയില്‍ വയോജനങ്ങള്‍ക്കുള്ള പാര്‍ക്ക് പ്രഥമ സംരംഭമാണ്. ഇരിപ്പിടങ്ങളും ഉദ്യാനവും കോണ്‍ക്രീറ്റ് ശില്‍പ്പവും ഉള്‍ക്കൊള്ളുന്നതാണ് പാര്‍ക്ക്. പഴയന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മുരളീധരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രശാന്തി, കെ പി ശ്രീജയന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ വിനോദ്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീത രാധാകൃഷ്ണന്‍, സിന്ധു സുരേഷ്, പഞ്ചായത്തംഗം എ സൗഭാഗ്യവതി, ആശുപത്രി സൂപ്രണ്ട് കെ കെ ഗൗതമന്‍, ജെഎച്ച്‌ഐ പി അനു, നഴ്‌സിങ് സൂപ്രണ്ട് ബി ശോഭ എന്നിവര്‍ സംസാരിച്ചു. കോണ്‍ക്രീറ്റ് ശില്‍പ്പമൊരുക്കിയ ടി കെ സുരേഷ് ബാബുവിനെ കെ എം അഷ്റഫ് പൊന്നാടയണിയിച്ച് ആദരിച്ചു. ഒപി, ഐപി, ഫാര്‍മസി, ആംബുലന്‍സ്, ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ്, ലാബ് സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന ആശുപത്രിയാണ് വടക്കേത്തറയിലേത്. ഈവനിംഗ് ഒപി സൗകര്യവും എടത്തുപറയേണ്ടുന്ന ഒന്നാണ്. ഉച്ച തിരിഞ്ഞ് 2 മുതല്‍ വൈകീട്ട് 7 വരെയായിരിക്കും ഡോക്ടറുടെ സേവനം ലഭ്യമാകുക. നേരത്തെയുണ്ടായിരുന്ന താത്കാലിക ഡോക്ടര്‍ സേവനം മതിയാക്കിയതിനാലാണ് സായാഹ്ന ഒപി നിലച്ചത്. പിന്നീട് പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പകരം കണ്ടെത്തുകയായിരുന്നു. ഇതോടെ ആശുപത്രിയില്‍ എന്‍എച്ച്എം 2 ഡോക്ടര്‍മാര്‍ ,സര്‍ക്കാര്‍ തലത്തിലെ 2 ഡോക്ടറുള്‍പ്പെടെയുള്ളവരുടെ സേവനം ആശുപത്രിയിലുണ്ടായിരിക്കും. പ്രദേശത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളിലൊന്നുകൂടിയാണിവിടം. പഴയന്നൂര്‍ ബ്ലോക്ക് ആരോഗ്യ കേന്ദ്രത്തിന്റെ ആസ്ഥാനമായി പഴയന്നൂര്‍ ആശുപത്രി മാറിക്കഴിഞ്ഞു. ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ ഓഫീസും ഇവിടെയാണ്. നേരത്തെ തിരുവില്വാമലയിലായിരുന്നു ആസ്ഥാനം.


Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: