മഴയിലും കാറ്റിലും തിരുവില്വാമല, പഴയന്നൂര്‍ കൊണ്ടാഴി പഞ്ചായത്തുകളില്‍ വ്യാപക നഷ്ടങ്ങള്‍
തിരുവില്വാമല: ശനിയാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങക്കിടയാക്കി.തിരുവില്വാമല പഴമ്പാലക്കോട് റോഡില്‍ മരങ്ങള്‍ കടപുഴകി വീണത് മണിക്കൂറുകളോളം ഗതാഗതം തടസപെടാനിടയായി.പട്ടിപ്പറമ്പ് പ്ലാവഴി വീട്ടില്‍ ജനാര്‍ദ്ദനന്റെ വീടിനു മുകളിലൂടെ മരം കടപുഴകി വീണ് കുളിമുറി പൂര്‍ണ്ണമായും തകര്‍ന്നു. പട്ടിപ്പറമ്പ് അരക്കന്മല കോളനി പരിസരത്ത് മരം വീണ് വൈദ്യുത കമ്പികള്‍ പൊട്ടിവീണത് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടാക്കി.പട്ടിപ്പറമ്പ് പ്ലാവഴി വീട്ടില്‍ മോഹന്‍ ദാസിന്റെ നിരവധി റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണു.വരണം പാടം വീട്ടില്‍ മധുസൂദനന്റെ വീടിനു മുകളിലേക്ക് തേക്കുമരം വീണെങ്കിലും അപകടമൊഴിവായി. തിരുവില്വാമല പാമ്പാടി ഒരലാശേരി ആനപ്പാറ പ്രദേശത്തും മരം കടപുഴകി.മൂന്നാം വാര്‍ഡില്‍ കയറംപാറ ഗാന്ധിജി റോഡ് പരിസരത്ത് സ്വകാര്യ വ്യക്തിയുടെ മാവ് വൈദ്യുതി ലൈനില്‍ വീണു. പഞ്ചയാത്തംഗം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മരം വെട്ടിമാറ്റി.
പഴയന്നൂരിലും നാശനഷ്ടങ്ങള്‍
പഴയന്നൂര്‍: പ്ലാഴി – വാഴക്കോട് സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണ് മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു.വാഹനങ്ങള്‍ മണിക്കൂറുകളോളം കല്ലേപ്പാടം കെയര്‍ഹോം വഴിയിലൂടെ തിരിച്ചുവിട്ടു.പഴയന്നൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡില്‍ പ്ലാഴിയില്‍ വടക്കേകുളമ്പില്‍ സുബ്രഹ്മണ്യന്റെ വീട്ടിലേക്ക് മരം കടപുഴകി വീണ് ടെറസിലെ മേല്‍ക്കൂര തകര്‍ന്നു. മരങ്ങള്‍ വീണ് വടക്കേ കുളമ്പില്‍ പ്രേമ, പാറയ്ക്ക വീട്ടില്‍ യശോദ എന്നിവരുടെ വീടുകള്‍ക്കും കേടുപാടുണ്ടായി.റേഡിനു കുറുകെ കടപുഴകി വീണു. വൈദ്യുതി കമ്പികള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടു. പഞ്ചായത്തംഗം യു അബ്ദുള്ള സംഭവ സ്ഥലത്ത് എത്തിയിരുന്നു.
രണ്ടാം വാര്‍ഡില്‍ പലസ്ഥലങ്ങളില്‍ മരം ഒടിഞ്ഞുവീണ് നാശനഷ്ടങ്ങളുണ്ടായതായി വാര്‍ഡംഗം എ സൗഭാഗ്യവതി അറിയിച്ചു.ഇവിടെ മരങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞു വീണും ഇലക്ട്രിക് പോസ്റ്റുകള്‍ക്കും ലൈനിനും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ലൈനില്‍ മുട്ടി നില്‍ക്കുന്ന മരക്കൊമ്പുകള്‍ കെഎസ്ഇബി യുടെ നിര്‍ദേശമില്ലാതെ വെട്ടിമാറ്റാന്‍ ശ്രമിക്കരുതെന്നും പഞ്ചായത്തംഗം പറഞ്ഞു. പഴയന്നൂര്‍ കോടത്തൂര്‍ ലോട്ടറിവില്പനക്കാരന്‍ മണിയുടെ വീടിനുമുന്നിലേക്ക് മരം കടപുഴകി വീണു.
ഒലിച്ചിക്കോളനിയില്‍ വീട് തകര്‍ന്നു
കൊണ്ടാഴി : ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഒലിച്ചി കോളനിയിലെ മാതയുടെ മകള്‍ മീനാക്ഷി (46) യുടെ വീടിനുമുകളിലേക്ക് മരം വീണ് വീട് തകര്‍ന്നു. ശനിയാഴ്ച വൈകീട്ടത്തെ ശക്തമായി കാറ്റിലും മഴയിലുമാണ് സംഭവം. വീട്ടില്‍നിന്നും മീനാക്ഷിയും മകളും ബന്ധുവീട്ടിലേക്ക് വേഗം മാറിയതിനാല്‍ ആളപായം ഒഴിവായി. സ്ഥലത്ത് വാര്‍ഡംഗം കെ കെ പ്രിയംവദ സന്ദര്‍ശിച്ചു. പ്രദേശത്ത് 7 വൈദ്യുതിക്കാലുകളും തകരാറിലായി. രണ്ടെണ്ണം പൂര്‍ണ്ണമായും അഞ്ചെണ്ണം ഭാഗികമായും തകര്‍ന്നു.