മോഷ്ടിച്ച സ്‌കൂട്ടര്‍ ഉപയോഗിച്ച് സ്വര്‍ണ്ണക്കടയില്‍ മോഷണം നടത്തിയശേഷം മുങ്ങുന്ന വിരുതന്‍ അറസ്റ്റില്‍

പാലക്കാട് : ചന്ദ്രനഗറില്‍ റോഡരുകില്‍ ഹെല്‍മറ്റ് വില്‍പ്പന നടത്തുന്ന വ്യക്തിയുടെ സ്‌കൂട്ടര്‍ കളവ് നടത്തിയ കേസില്‍ കിഴക്കേത്തല വാണിയംകുളം ഒറ്റപ്പാലം സ്വദേശി വെങ്കിടേഷ് എന്ന മായാവി വെങ്കിടേഷിനെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റു ചെയ്തത്. സ്‌കൂട്ടര്‍ മോഷണം നടത്തിയ ശേഷം ശ്രദ്ധിക്കാത്ത ഭാഗങ്ങളില്‍ മാറ്റി വക്കുകയും തൊട്ടടുത്ത ദിവസം ചെറിയ സ്വര്‍ണ്ണക്കടയുടെ വാതില്‍ തുറന്ന് ഡിസ്‌പ്ലേക്കായി വയ്ക്കുന്ന സ്വര്‍ണ്ണമാല എടുത്ത് വേഗത്തില്‍ വാഹനത്തില്‍ രക്ഷപ്പെടുകയാണ് വെങ്കിടേഷ് ചെയ്യുന്നത്. കഴിഞ്ഞ 4 മാസമായി സമാന രീതിയില്‍ സ്‌കൂട്ടര്‍ കളവ് ചെയ്യുകയും ശേഷം സ്വര്‍ണ്ണക്കടയില്‍ കളവ് നടത്തുകയും ചെയ്തിരുന്നത്.. ഒറ്റപ്പാലം ,പഴയന്നൂര്‍, പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്തിട്ടുണ്ട്. മുഖം മാസ്‌ക് ധരിച്ച് ഹെല്‍മെറ്റ് അഴിക്കാതെയുമാണ് കളവിനെത്തുന്നത്. വീണ്ടും സ്വര്‍ണ്ണക്കട നോക്കി വച്ച ശേഷം കളവിനായി വരുന്ന സമയത്താണ് പ്രതിയെ കസബ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ച് ലക്ഷങ്ങള്‍ നഷ്ടമായപ്പോള്‍ തോന്നിയതാണ് മോഷണമെന്ന് പ്രതി സമ്മതിച്ചു. കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഇന്നലെ പാലക്കാട് സൗത്ത് സ്റ്റേഷന്‍ പരിധിയിലെ സുല്‍ത്താന്‍പേട്ട ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ശ്രീരാജ് ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച മാലയും പ്രതിയുടെ കയ്യില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മോഷണം നടത്തിയ സ്‌കൂട്ടറും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐപിഎസ്, എഎസ്പി അശ്വതി ജിജി ഐപിഎസ് എന്നിവരുടെ നിര്‍ദ്ധേശാനുസരണം കസബ ഇന്‍സ്‌പെക്ടര്‍ വി വിജയരാജന്‍, എസ് ഐ ബാബുരാജ്, ജതി.എ,ഷാഹുല്‍ഹമിദ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീദ്.ആര്‍,ജയപ്രകാശ്. എസ്, പ്രിന്‍സ്, ബാലചന്ദ്രന്‍ ,അശോക്, തുടങ്ങിയവരാണ് കേസന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും മോഷണം നടത്തിയ മുതല്‍ കണ്ടെത്തുകയും ചെയ്തത്. പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: