വഴിമുട്ടുമോ കൈരളി അപ്പാര്‍ട്ട്‌മെന്റിലെ ‘ലൈഫ്’
പഴയന്നൂര്‍ : കല്ലേപ്പാടത്തെ കെയര്‍ ഹോം അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ ജീവിത പ്രതിസന്ധിക്ക് ശമനമില്ല. സണ്‍ഷേഡ് സംവിധാനത്തിലെ പോരായ്മ കാരണം ചാറ്റല്‍മഴയത്തും വെള്ളം ഉള്ളിലേക്ക് കയറുന്ന അവസ്ഥയിലാണെന്നാണ് താമസക്കാരുടെ പരാതി. അതുപോലെ കോമ്പൗണ്ടില്‍ വീഴുന്ന വെള്ളവും ഒഴിഞ്ഞുപോകാന്‍ വഴിയില്ലാതെ താഴെയുള്ള ഫ്‌ളാറ്റുകളിലേക്ക് കയറുന്നുണ്ടെന്നും അവര്‍ പറയുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ട് 6 മാസം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം. കുടിവെള്ള ടാങ്കിലേക്ക് കയറുന്നതിന് നിര്‍മ്മിച്ച ഗോവണി നിര്‍മ്മാണത്തിലെ അപാകത കാരണം, വൃത്തിയാക്കുന്നതിനായി കയറുന്നതിന് മറ്റൊരു കോണി ചാരിവെയ്‌ക്കേണ്ട സ്ഥിതിയുമാണ്. അപകടം ഭയന്ന് വൃത്തിയാക്കുന്നുമില്ല. കയറിത്താമസം മുതല്‍ വിവിധ പ്രശ്‌നങ്ങളാണിവിടെ ഉണ്ടായിക്കൊണ്ടിരുന്നത്. കക്കൂസ് മാലിന്യം വരെ അകത്തളത്തില്‍ വീണ പ്രതിസന്ധി ഏറെ മുറവിളിക്ക് ശേഷമാണ് നിര്‍മ്മിതി കേന്ദ്രം ഇടപെട്ട് ശരിയാക്കിയത്. ബോര്‍വെല്‍ മോട്ടോറിലെ ആംപിയര്‍ മീറ്റര്‍ കത്തിപ്പോയപ്പോഴും ഇതേ പ്രശ്‌നമുദിച്ചു. ടാങ്കിലേക്ക് വെള്ളം അടിച്ചുകയറ്റുന്ന മോട്ടോറിന്റെ കപ്പാസിറ്റി കുറവാണെന്നും പരാതിയുയര്‍ന്നു. മഴവെള്ളം മോട്ടോര്‍ പുരയ്ക്ക് സമീപം ഒഴുകിയെത്തി ഗര്‍ത്തം രൂപപ്പെട്ടിട്ടുമുണ്ട്. ഇവിടെയുണ്ടായിരുന്ന പഴയ കിണര്‍ തൂര്‍ത്തതിലെ അപാകതയാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. സമീപത്തെ മുളങ്കൂട്ടങ്ങള്‍ വെട്ടിമാറ്റാത്തത് ഫ്‌ളാറ്റിലേക്ക് വീണുകിടന്നതും പ്രശ്‌നംതന്നെയാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയായില്ലെന്നാണ് പറയുന്നത്. മാലിന്യം സംസ്‌കാരത്തിനും പ്രത്യേക സംവിധാനമില്ല. പലരും അലക്ഷ്യമായി കോമ്പൗണ്ടില്‍ മാലിന്യം വലിച്ചെറിയുന്ന സ്ഥിതിയാണുള്ളത്. ഇവിടെ നിര്‍മ്മിച്ച വായനാമുറി എന്ന് തുറന്നുകിട്ടുമെന്നും കാത്തിരിക്കുകയാണ് അന്തേവാസികള്‍. ഗസ്റ്റ് ഹൗസ് മോഡല്‍ താമസം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ആവശ്യമുയരുന്നു. ഒരു കെയര്‍ ടേക്കറെയും നിയോഗിക്കണമെന്നും അന്തേവാസികള്‍ ആവശ്യപ്പെട്ടു. എല്ലാ ന്യൂനതകളും പരിഹരിക്കപ്പെട്ടതിനുശേഷമേ അപ്പാര്‍ട്ട്‌മെന്റ് ഏറ്റെടുക്കുകയുള്ളൂവെന്ന നിലപാടിലാണ് ബന്ധപ്പെട്ട തദ്ദേസ്വയംഭരണ സ്ഥാപനം.