പെൺകരുത്തിൽ തെങ്ങുകയറ്റം ഉപജീവനമാക്കി ലത
വരവൂര്‍ : തെങ്ങുകയറ്റം ഉപജീവനമാര്‍ഗമാക്കിയ വരവൂരില്‍ നിന്നൊരു വനിത മാതൃകയാകുന്നു. പുരുഷ മേധാവിത്വത്തെ അടിയറവു പറയിച്ച ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് കുമരപ്പനാല്‍ നീര്‍ക്കോലിമുക്ക് പലകചിറ വീട്ടില്‍ ഗോപാലകൃഷ്ണന് ഭാര്യ ലതയാണ് ഈ രംഗത്ത് ശ്രദ്ധ നേടുന്നത്. 14 വര്‍ഷമായി തെങ്ങുകയറ്റ മേഖവയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. വരവൂര്‍ ഗ്രാമ പഞ്ചായത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വരവൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് വനിതാ പരിശീലനത്തില്‍ ആരും ചൂടുവെക്കാത്ത തെങ്ങ് കയറ്റം എന്ന മേഖലയിലേക്ക് വികാസ് കുടുംബശ്രീ അംഗം ലത ആദ്യമെത്തുന്നത്. ഇന്നിപ്പോള്‍ തെങ്ങ് കയറ്റ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കാലത്ത് 7 മണിക്ക് ജോലിക്ക് ഇറങ്ങിയാല്‍ 11 മണിയോടുകൂടി അവസാനിക്കും. ഏകദേശം 40 തെങ്ങുകളോളം പ്രതിദിനം കയറിയിറങ്ങും. 1500 രൂപയോളമാണ് പ്രതിദിന വരുമാനം. മുകളിലേക്ക് കയറും തോറും ആഞ്ഞുവീശുന്ന കാറ്റ് വല്ലാതെ ഭയപ്പെടുത്താറുണ്ടെങ്കിലും ജീവിത പ്രാരാബ്ധങ്ങള്‍ മനസ്സിലെത്തുമ്പോള്‍ അതെല്ലാം മറക്കും.ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയാവുന്നതുമൂലം കാലാവസ്ഥയെ അനുസരിച്ചാണ് ജോലിചെയ്യുന്നത്. നട്ടുച്ചയ്ക്കുമുന്നേ ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ചെയ്യുന്ന തൊഴിലില്‍ അതീവ സന്തുഷ്ടി ലതയ്ക്കുണ്ട്. ഏത് തൊഴിലിനും അതിന്റേതായ മഹത്വവും മഹിമയും ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ലത. ചെയ്യുന്ന തൊഴിലേതെന്ന് മടിക്കാതെ പറയാനുള്ള ആര്‍ജ്ജവവും ലതയ്ക്കുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ മഹത്വം ഏതു തൊഴിലും സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് ആത്മവിശ്വാസം പകരുന്ന ലത ചേച്ചിയുടെ ആ വാക്കുകള്‍ ആത്മവിശ്വാസത്തിന്റെ വാക്കുകളായി മാറട്ടെ. വീട്ടില്‍ അടങ്ങിയൊതുങ്ങിക്കഴിയാതെ സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റാവുന്ന തൊഴിലുകള്‍ ചെയ്യണമെന്നാമെന്നാണ് ലത പറയുന്നത്. അതേ, അധ്വാനത്തിലൂടെ സ്വായത്തമാക്കുന്ന പണത്തിന് ഇരട്ടി മധുരമാണെന്ന് ലതയ്ക്കറിയാം.