മുന്നറിയിപ്പില്ലാതെ ബില്ലടയ്ക്കാനുള്ള സൗകര്യം കെഎസ്ഇബി മാറ്റി : വലഞ്ഞ് പൊതുജനങ്ങള്‍
കെഎസ്ഇബി ചേലക്കര സെക്ഷനു കീഴിലുള്ള എളനാട് കെഎസ്ഇബി സബ് സെന്ററില്‍ മുന്നറിയിപ്പില്ലാതെ ബില്ലടയ്ക്കാനുള്ള സൗകര്യം കെഎസ്ഇബി മാറ്റിയതോടെ പൊതുജനങ്ങള്‍ ഏറെ വലഞ്ഞു. വ്യാഴാഴ്ച ബില്ലടയ്ക്കാനെത്തിയപ്പോഴാണ് പലരും ഈ സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടത്. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ചേലക്കരയിലെത്തി അടയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ബോര്‍ഡ് വെച്ചിരുന്നത്. മുന്നറിയിപ്പ് കൂടാതെ ബില്ല് അടയ്ക്കുന്നത് നിര്‍ത്തിവെച്ചതില്‍ പഴയന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ കെ പ്രകാശന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജിത്ത്, മണ്ഡലം സെക്രട്ടറിമാരായ സേതുമാധവന്‍, സുരേഷ്, രഞ്ജിത്ത്, ശ്രീനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. വൈദ്യുതി ബില്‍ അടയ്ക്കാനുള്ള മലയോര ഗ്രാമമായ എളനാട്ടുകാരുടെ ഏക ആശ്രയമാണ് കെഎസ്ഇബി സബ് സെന്റര്‍. ഈ പ്രദേശത്തെ പൊതുജനങ്ങളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സബ് സെന്റര്‍ തുടങ്ങിയത്. പക്ഷേ ഈ സൗകര്യം സ്ഥിരമായി ചേലക്കരയിലേക്ക് മാറ്റാനുള്ള സാധ്യത ഉണ്ടെന്നത് കണക്കിലെടുത്താണ് പ്രതിഷേധം നടത്തിയത്. 15 കിലോമീറ്റര്‍ അപ്പുറത്തുള്ള ചേലക്കരയിലെത്തി ബില്‍ അടയ്ക്കുകയെന്നത് പ്രായോഗിക കാര്യവുമല്ല. പ്രതിഷേധം കടുത്തതോടെ മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെടുകയും ചെയ്തു. കെഎസ്ഇബി ചേലക്കര സെക്ഷനു കീഴിലുള്ള എളനാട് കെഎസ്ഇബി സബ് സെന്ററില്‍ മുന്നറിയിപ്പില്ലാതെ ബില്ലടയ്ക്കാനുള്ള സൗകര്യം കെഎസ്ഇബി മാറ്റിയത് പുനഃസ്ഥാപിച്ചു. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ചേലക്കര സെക്ഷന്‍ ഓഫീസിലെത്തി അടയ്ക്കാനാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചത്. മുന്നറിയിപ്പ് കൂടാതെ ബില്ല് അടയ്ക്കുന്നത് നിര്‍ത്തിവെച്ചതില്‍ പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ടത്.ശനിയാഴ്ച മുതല്‍ എളനാട് കെഎസ്ഇബി സബ് സെന്ററില്‍ ബില്‍ തുക സ്വീകരിക്കുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. ബില്‍ സൗകര്യം പുനഃസ്ഥാപിച്ചതോടെ എളനാട്ടുകാര്‍ നന്ദി പ്രകാശിപ്പിക്കാനും മറന്നില്ല.