കിള്ളിമംഗലം ഗവ. യു.പി സ്‌കൂളില്‍ വര്‍ണത്തുമ്പികള്‍ പാറിപ്പറന്നു
പാഞ്ഞാള്‍ : കിള്ളിമംഗലം ഗവ. യു പി സ്‌കൂളില്‍ അംഗന്‍വാടി കുട്ടികളുടെ ബാലകലോത്സവം വര്‍ണ്ണത്തുമ്പികള്‍ 2024 സംഘടിപ്പിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പിഞ്ചോമനകളുടെ സര്‍വ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട് സന്തോഷകരവും ആരോഗ്യകരവുമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഒരുക്കി മികച്ച ശിശുസൗഹൃദ വിദ്യാലയമായി ഗവ യുപി സ്‌കൂള്‍ കിള്ളിമംഗലം മാറുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് പറഞ്ഞു. അതിന്റെ ഭാഗമായാണ് അംഗന്‍വാടി കുട്ടികളുടെ പരിപാടി ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. അംഗന്‍വാടി കുട്ടികളുടെ കലാമികവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായൊരുക്കിയ വര്‍ണത്തുമ്പികള്‍ ഏറെ ശ്രദ്ധയേറ്റുവാങ്ങി. അധ്യാപകരും രക്ഷിതാക്കളും നിറകൈയ്യടികളോടെയാണ് പൈതങ്ങളുടെ ചുവടുകള്‍ക്ക് സ്വീകരണം നല്‍കിയത്. പാട്ടുകളും നൃത്തച്ചുവടുകളുമായി ആസ്വാദകമനം കവരാനും ഇളം പൈതലുകള്‍ക്കായി. വാര്‍ഡ് അംഗം രാമദാസ് കാറാത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിര്‍മ്മല രവികുമാര്‍ മുഖ്യാതിഥിയായി. സമഗ്ര ശിക്ഷ കേരളപഴയന്നൂര്‍ ബി.പി.സി കെ. പ്രമോദ് എസ്.എം സി ചെയര്‍മാന്‍ സുരേഷ് കാളിയത്ത്, പി.ടി.എ അംഗങ്ങളായ അര്‍ഷാദ്, സന്ധ്യ, മോനിഷ,അമ്പിളി സ്റ്റാഫ് സെക്രട്ടറി ബിന്ദു.കെ.ആര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ലക്ഷ്മി കെ. ബി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രധാനാധ്യാപകന്‍ എം.എന്‍.ബര്‍ജിലാല്‍ സ്വാഗതംവും സജിത എസ്. ആര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ അംഗന്‍വാടികളില്‍ നിന്ന് വന്ന കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. സമഗ്രശിക്ഷ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ പണി പൂര്‍ത്തിയാക്കിയ വര്‍ണക്കൂടാരത്തില്‍ എത്തിയ കുട്ടികള്‍ ഏറെ ആഹ്ലാദത്തോടുകൂടി ഉല്ലസിക്കുകയും ചെയ്തു.പ്രീ പ്രൈമറി പാഠ്യപദ്ധതിയുടെ ഭാഗമായ 29 ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 13 വൈജ്ഞാനിക ഇടങ്ങള്‍ ശാസ്ത്രീയമായി ഒരുക്കുന്ന പദ്ധതിയാണ് വര്‍ണക്കൂടാരം.