കൊണ്ടാഴിയില്‍ കുട്ടികള്‍ക്ക് കുറുഞ്ചാത്തനെപ്പേടി!
കൊണ്ടാഴി : കൊണ്ടാഴിയില്‍ കുട്ടികള്‍ക്ക് കുറുഞ്ചാത്തനെപ്പേടി! കൊണ്ടാഴി പ്ലാന്റേഷന്‍ എഎല്‍പി സ്‌കൂളിലാണ് വിചിത്രമായ സംഭവം. സ്‌കൂളിലെ ഉച്ചഭക്ഷണം വേണ്ടെന്നും വീട്ടിലെ ഭക്ഷണം മതിയെന്നും രക്ഷിതാക്കളോട് വിദ്യാര്‍ഥികള്‍ പറഞ്ഞതാണ് സംഭവത്തിന്റെ തുടക്കം. പലതവണ കുട്ടികള്‍ ആവര്‍ത്തിച്ചതോടെയാണ് രക്ഷിതാക്കള്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്. അന്വേഷിക്കാന്‍ ചെന്ന പിടിഎ ഭാരവാഹികളാണ് സ്‌കൂളിലെ ഉച്ചഭക്ഷണത്തിലെ ക്രമക്കേട് കണ്ടെത്തിയത്. പാകം ചെയ്ത ചോറിലും അരിച്ചാക്കുകളിലും കുറുഞ്ചാത്തനെ കണ്ടെത്തുകയായിരുന്നു. ഇത്തരത്തില്‍ ഭക്ഷണം പാകം ചെയ്ത് നല്‍കിയ ഭക്ഷണത്തില്‍ ദുര്‍ഗന്ധം വരുന്നതായും കുട്ടികള്‍ അറിയിച്ചിരുന്നു. ഈ ഭക്ഷണം സ്വന്തം മക്കള്‍ക്ക് നല്‍കുമോയെന്നാണ് പരാതിക്കാര്‍ ചോദിക്കുന്നത്. അടുക്കളയിലും സ്റ്റോര്‍ റൂമിലും പിടിഎ ഭാരവാഹികള്‍ ചെന്ന് ഫോട്ടോ എടുക്കുകയും വീഡിയോ എടുക്കുകയും ചെയ്തതിന്, ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് പിടിഎക്കാര്‍ക്കെതിരെ പഴയന്നൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സ്‌കൂളധികൃതരോട് ഉച്ചഭക്ഷണ കാര്യത്തില്‍ നടപടി കൈക്കൊള്ളണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായുമില്ല. തുടര്‍ന്നാണ് വകുപ്പുതലത്തില്‍ പരാതിപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് വടക്കാഞ്ചേരി നൂണ്‍ മീല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയും ചെയ്തു. കൊണ്ടാഴി ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തി പരിശോധന നടത്തിയശേഷം മാത്രമാണ് കേടുവന്ന 4 ചാക്കുകളിലെ അരി മാവേലി സ്റ്റോറില്‍നിന്നും മാറ്റിയെടുത്തത്. സ്റ്റോര്‍ റൂമില്‍ ബാക്കിവന്ന അരിയോടൊപ്പം പുതിയ അരിച്ചാക്കുകള്‍ വെച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് മിക്ക കുട്ടികളും ഉച്ച ഭക്ഷണം വീട്ടില്‍നിന്നുമെത്തിക്കുകയാണ് ചെയ്യുന്നത്. ചൈല്‍ഡ് ലൈന്‍ ഹെല്‍പ്പ് ലൈനില്‍ പരാതി വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തി. ഉച്ചഭക്ഷണ സംഭവത്തില്‍ രക്ഷിതാക്കളും സ്‌കൂളിലെത്തി പ്രതിഷേധം അറിയിച്ചു.