ക്രിക്കറ്റ് മതമാണെങ്കില്‍ പ്രബിന് സച്ചിന്‍ ദൈവമാണ്
ചേലക്കര : തോന്നൂര്‍ക്കര കടുനക്കര കെ ആര്‍ പ്രബിന് സച്ചിനെന്ന ഇതിഹാസം ആശ്വാസമല്ല…….ശ്വാസം തന്നെയാണ്. വളരെ ചെറുപ്പത്തിലേ, ക്രിക്കറ്റ് തലയ്ക്ക് പിടിച്ച് സച്ചിന്റെ കടുത്ത ആരാധകനായി മാറുകയായിരുന്നു. ഇന്നിപ്പോള്‍ സച്ചിന്‍ പ്രബിന്റെ ജീവിതചര്യയുടെ ഭാഗമായി മാറിക്കഴിഞ്ഞു. പുതിയ കാലഘട്ടത്തിലെ പിള്ളേര്‍ കോഹ് ലിയേയും ധോണിയുമൊക്കെ ആരാധകരാക്കി തെരഞ്ഞെടുക്കുമ്പോള്‍ പ്രബിന്‍ വേറിട്ടുനില്‍ക്കുന്നു. ക്രിക്കറ്റ് മതമാണെങ്കില്‍ പ്രബിന് സച്ചിന്‍ ദൈവമാണ്. ഈ കടുത്ത ആരാധ ചെന്നെത്തിച്ചത് സച്ചിന്റെ അരികിലേയ്ക്കാണ്. ഇക്കഴിഞ്ഞ സച്ചിന്റെ 50-ാം പിറന്നാള്‍ ആഘോഷവേളയില്‍ പങ്കെടുക്കുന്നതിന് പ്രബിനെ സച്ചിന്‍ നേരിട്ട് ക്ഷണിച്ചു. ഷാര്‍ജ കപ്പില്‍ ആസ്‌ട്രേലിയയെ തോറ്റ് തുന്നംപാടിച്ചതിന്റെ ഓര്‍മ്മക്കായി സച്ചിന്‍ ഒരുക്കിയ ഡെസേര്‍ട്ട് സ്‌റ്റോം 25-ാം വാര്‍ഷിക വിരുന്നിലും പ്രബിന് പങ്കെടുക്കാനായി. സച്ചിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായും പ്രബിന്‍ ബന്ധം പുലര്‍ത്തിവരുന്നു. സച്ചിനെ ജീവിതത്തില്‍ മൂന്നുതവണ നേരില്‍ കാണാനായി. പ്രശസ്ത മത്സരങ്ങളില്‍ സച്ചിന്‍ ഉപയോഗിച്ച ജഴ്‌സികളും ബാറ്റുകളും ശേഖരിക്കുന്നത് പ്രബിന്റെ വിനോദമാണ്. 200 ടെസ്റ്റ് മത്സരത്തിനുപയോഗിച്ച ട്രൈകളര്‍ ബാറ്റും ഈ അമൂല്യ ശേഖരത്തിലുണ്ട്. കോവിഡ് ബാധിതനായി സച്ചിന്‍ കിടന്നപ്പോള്‍ അക്ഷമനായി സച്ചിന്‍ കിടന്ന ആശുപത്രിയിലേക്ക് വിളിച്ച് ഡോക്ടര്‍മാരോട് ഫോണില്‍ വിവരം തിരക്കിയിരുന്ന ആളാണ് പ്രബിന്‍. അത്രയ്ക്ക് സച്ചിന്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. 2019ല്‍ കൊച്ചിയില്‍ സംഘടിപ്പിച്ച മാരത്തോണുമായി ബന്ധപ്പെട്ട് സച്ചിനിട്ട പോസ്റ്റിന് കമ്മന്റ് ചെയ്തത് വഴിത്തിരിവായിമാറുകയാണുണ്ടായത്. കൊച്ചിയിലെത്തുമ്പോള്‍ കാണാമെന്ന് ഉറപ്പും നല്‍കി. അങ്ങനെയാണ് സച്ചിനെ ആദ്യമായി കാണുന്നത്. സച്ചിനിസ്റ്റ് ഡോട്ട് കോം എന്ന സൈറ്റും വി മിസ് യു സച്ചിന്‍ ഫെയ്‌സ് ബുക്ക് പേജും പ്രബിന്റേതാണ്. തൃശൂരിലെ ഏഷ്യന്‍ ചോയ്‌സ് മൊബൈല്‍ ഷോപ്പിലെ സാംസങ് കമ്പനിയുടെ ജീവനക്കാരനാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രബിന്‍.