ഹേയ് ഓട്ടോ
തിരുവില്വാമല നിവാസികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കുമായി നെഹ്റു കോളേജിന്റെ വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് അപ്ലിക്കേഷന്‍ വികസിപ്പിച്ചു. ഹേയ് ഓട്ടോ എന്ന പേരിലുള്ള ഈ അപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത് നെഹ്റു കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ അഭിഷേക് രവി, ആനന്ദ് മാധവന്‍ എന്നിവരാണ്. കുത്തക ടാക്സി കാബുകളില്‍നിന്നും സാധാരണക്കാരായ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കൈത്താങ്ങേകുകയാണ് ലക്ഷ്യം. യാത്രക്കാര്‍ക്കും ഏറെ സൗകര്യപ്രദമാണിത്. തത്സമയം സ്റ്റാന്‍ഡിലുള്ള ഓട്ടോറിക്ഷയുടെ വിവരം അപ്ലിക്കേഷനിലൂടെ മനസ്സിലാക്കി ഒട്ടും സമയം കളയാതെ വിളിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇതിലൂടെ വിവരങ്ങള്‍ കാണിക്കുക. സ്റ്റാന്‍ഡില്‍ ആരെങ്കിലും ഓടിയെത്തി ഓട്ടോറിക്ഷ വിളിച്ചുകൊണ്ടുവരേണ്ട ആവശ്യമേ വരുന്നില്ല. വാഹനമില്ലെങ്കില്‍ കാത്തുനില്‍ക്കേണ്ടതുമില്ല. ആദ്യ ഘട്ടത്തില്‍ പാമ്പാടി സെന്റര്‍, തിരുവില്വാമല ടൗണ്‍ സ്റ്റാന്‍ഡ,് അമ്പലം സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാരെ ചേര്‍ത്താണ് തുടക്കമിട്ടിരിക്കുന്നത്. അപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്ത് ഓട്ടോറിക്ഷയുടെ സേവനം ആവശ്യമുള്ളവര്‍ സ്റ്റാന്‍ഡില്‍ ലൈവായിട്ടുള്ളവരെ വിളിക്കാവുന്നതാണ്. ഓട്ടം പോകുന്നതിനനുസരിച്ച് ഡ്രൈവര്‍മാര്‍ക്ക് ഇത് അപ്ഡേറ്റ് ചെയ്യണം. അടുത്ത ഘട്ടത്തില്‍ ജിപിഎസ് സംവിധാനം കണക്ട് ചെയ്യുന്നതോടെ ഓട്ടോറിക്ഷയുടെ സഞ്ചാരപഥംകൂടി അപ്ലിക്കേഷനിലൂടെ അറിയാന്‍ കഴിയും. ആവശ്യാനുസരണം എത്ര വേണമെങ്കിലും ഓട്ടോ സ്റ്റാന്‍ഡുകളുടെയും ഡ്രൈവര്‍മാരുടെയും എണ്ണം വര്‍ധിപ്പിക്കാം.പ്രൊഫ. ജിതിന്‍ മോഹന്‍ദാസാണ് സാമൂഹ്യ പ്രാധാന്യമുള്ള ഒരു അപ്ലിക്കേഷന്‍ പുറത്തിറക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടത്. ആനന്ദ് മാധവന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയും അഭിഷേക് രവി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമാണ്. ഇ ഡിസ്ട്രിക് കേരള, നോര്‍ക്ക റൂട്ട്സ്, ഇ ഡിസ്ട്രിക്ട് ഉത്തര്‍ പ്രദേശ് എന്നീ വെബ്സൈറ്റുകളിലെ സുരക്ഷാ പാളിച്ചകളെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതിന് കേന്ദ്ര സര്‍ക്കാരിന്റെ അഭിനന്ദനക്കത്ത് ലഭിച്ച വിദ്യാര്‍ഥികൂടിയാണ് ആനന്ദ് മാധവന്‍.