കേരളത്തിലെ ആദ്യത്തെ വനിതാ എക്‌സൈസ് ഇന്‍സ്പെക്ടര്‍
ഒറ്റപ്പാലം: ഒറ്റപ്പാലം എക്സൈസ് റെയ്ഞ്ച് ഓഫീസിലെത്തുന്നവര്‍ ഇന്‍സ്‌പെക്ടറെ കാണുമ്പോള്‍ ഒന്നമ്പരന്നേക്കാം. കേരളത്തിലെ ആദ്യത്തെ വനിതാ എക്സൈസ് ഇന്‍സ്‌പെക്ടറാണെന്നറിയുമ്പോള്‍ വന്നവരില്‍ ഒരു അതിശയോക്തി തെളിയും. പിന്നെ പുഞ്ചിരിതൂകി അടുത്തുചെന്ന് പരിചയപ്പെടും. തൃശൂര്‍ തൈക്കാട്ടുശേരി സ്വദേശിനി ഒ സജിതയാണിവിടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍. എയര്‍ഫോഴ്സിലായിരുന്ന അച്ഛന്‍ ദാമോദരന്റെ യൂണിഫോം കണ്ടുതുടങ്ങിയ ആഗ്രഹമാണ് 2014ല്‍ സിവില്‍ എക്സൈസ് ഓഫീസറായതോടെ സാക്ഷാല്‍ക്കരിക്കപ്പെട്ടതെന്ന് സജിത പറയുന്നു. അമ്മ മീനാക്ഷിയും സഹോദരി വിനോദിനിയും അധ്യാപികമാരായിരുന്നതിനാല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയശേഷം ബിഎഡ് എടുത്തു. തുടര്‍ന്ന് അമൃത വിദ്യാലയത്തില്‍ അധ്യാപികയായി ജോലി ചെയ്തു. 2011ലാണ് പിഎസ് സി വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. പരീക്ഷയില്‍ സജിതയ്ക്ക് ജില്ലയില്‍ രണ്ടാം റാങ്ക്. 2014ല്‍ തൃശൂര്‍ ഡിവിഷനില്‍ തൃശൂര്‍ റെയ്ഞ്ചില്‍ ജോലിയില്‍ പ്രവേശനം. പിന്നീടാണ് ട്വിസ്റ്റ്. 2016ല്‍, ബൈ ട്രാന്‍സ്ഫര്‍ ടെസ്റ്റിലൂടെ ലഭിച്ച ആദ്യാവസരത്തില്‍തന്നെ മികവുപുലര്‍ത്തി സജിത സംസ്ഥാനത്തെ ആദ്യ വനിതാ എക്സൈസ് ഇന്‍സ്പെക്ടറെന്ന അഭിമാന നേട്ടം സ്വായത്തമാക്കി. അതും പുരുഷന്മാരെ കടത്തിവെട്ടി ജനറല്‍ വിഭാഗത്തില്‍ ഒന്നാംറാങ്കോടെ. എക്സൈസ് അക്കാദമിയിലെ ഒരു വര്‍ഷത്തെ കഠിന പരിശീലനത്തിനുശേഷം, 2020 ജൂലൈ മാസത്തില്‍ തിരൂര്‍ സര്‍ക്കിള്‍ ഓഫീസിലാണ് ഇന്‍സ്പെക്ടറായി ചാര്‍ജെടുക്കുന്നത്. പിന്നെ റെയ്ഞ്ച് ഓഫീസിലേക്ക് മാറി. 2021ല്‍ 51.5 കി.ഗ്രാം കഞ്ചാവ് തിരൂര്‍ കോട്ടുകല്ലിങ്കലിലെ ഒരുവീട്ടില്‍ ഒളിച്ചുസൂക്ഷിച്ചത് പിടികൂടിയതാണ് കരിയറിലെ പ്രധാന ദൗത്യ നിര്‍വഹണം.വനിതാ എക്സൈസ് ഇന്‍സ്പെക്ടറായ ശേഷം എല്ലാ ഭാഗത്തുനിന്നും പ്രോത്സാഹനം മാത്രമേ ലഭിക്കുന്നുള്ളൂ. പാലക്കാട് തൃശൂര്‍ അതിര്‍ത്തികളിലൂടെ വരുന്ന ലഹരിയുടെ ഒഴുക്കിനെ തടയിടാനുള്ള ശ്രമത്തിലാണിപ്പോള്‍. പഴയന്നൂര്‍ എക്‌സൈസ് ഓഫീസിലായിരുന്നു മുമ്പ് ജോലി ചെയ്തിരുന്നത്. ഒറ്റപ്പാലത്തേക്ക് മാറിയിട്ട് അധിക നാളായിട്ടില്ല.