കുഴഞ്ഞുമറിഞ്ഞ് കൊണ്ടാഴി പഞ്ചായത്ത്‌ : അവിശ്വാസത്തിലേക്കെന്ന് രാഷ്ട്രീയ നിരീക്ഷകര്‍

കൊണ്ടാഴി : കുഴഞ്ഞുമറിഞ്ഞ് കൊണ്ടാഴി പഞ്ചായത്ത്‌. കൊണ്ടാഴി പഞ്ചായത്തിന്റെ ബജറ്റ് അവതരണത്തില്‍ കോണ്‍ഗ്രസിലെ 5 പേര്‍ വിട്ടുനിന്നത് അവിശ്വാസത്തിലേക്കുള്ള ആദ്യ പടിയെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കെ ശശിധരന്‍ നേതൃത്വം നല്‍കുന്ന കൊണ്ടാഴി പഞ്ചായത്ത് ഭരണസമിതിയുടെ ബജറ്റില്‍നിന്ന് സ്വപക്ഷ അംഗങ്ങള്‍തന്നെ വിട്ടുനിന്നത് രാഷ്ട്രീയ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണന്‍കുട്ടി വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റ് പ്രസംഗത്തിന് മറുപടി പറയാനും കയ്യടിക്കാനുമായി പതിനാലാം വാര്‍ഡംഗം പി രാജേഷ് മാത്രമാണ് ഭരണപക്ഷത്തുനിന്ന് എണീറ്റുനില്‍ക്കാന്‍ ഉണ്ടായുള്ളൂ. കോണ്‍ഗ്രസിന് എട്ടംഗങ്ങളാണുള്ളത്. അതില്‍ മൂന്നുപേര്‍മാത്രമാണ് വെള്ളിയാഴ്ച എത്തിയത്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു തടത്തിവിളയുടെ നേതൃത്വത്തില്‍ വി നിഷമോള്‍, ഇ കെ മനോജ്, കെ സുദേവന്‍, ശിവന്‍ വീട്ടിക്കുന്ന് എന്നിവരാണ് വിട്ടുനിന്നത്. അധികാരമേറ്റ് മൂന്ന് വര്‍ഷത്തിനിടയില്‍ ഒരു പദ്ധതിപോലും കൊണ്ടാഴിയില്‍ നടപ്പിലാക്കാത്ത ഭരണസമിതിക്കെതിരെ പരോക്ഷമായി എതിര്‍ത്തിരുന്ന ഇവര്‍ പ്രത്യക്ഷമായി മുന്നോട്ടുവരുന്നത് ആദ്യമായാണ്. കൊണ്ടാഴി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുണ്ടായ തര്‍ക്കങ്ങളാണ് കൂടുതല്‍ വീറോടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരട് ബജറ്റിനെ ബിജെപി വിയോജിപ്പ് പ്രകടിപ്പിക്കാതെ പിന്തുണയ്ക്കുകയാണുണ്ടായത്. എല്‍ഡിഎഫിലെ അഞ്ച് അംഗങ്ങളും വിയോജിക്കുകയും ബജറ്റിനെ വിമര്‍ശിക്കുകയും ചെയ്തു. എല്‍ഡിഎഫിലെ 5 പേരും ബിജെപിയിലെ 2 പേരും ഉള്ളതുകൊണ്ടുമാത്രമാണ് ക്വാറം തികച്ചതും ബജറ്റ് അവതരിപ്പിക്കാനായതും. എല്ലാ അംഗങ്ങള്‍ക്കും ബജറ്റില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നതായാണ് പ്രസിഡന്റ് കെ ശശിധരന്‍ പറയുന്നത്. ജനങ്ങള്‍ നല്‍കിയ വിശ്വാസം നഷ്ടപ്പെടുത്തിയതിനാല്‍ രാജിവച്ചൊഴിയണമെന്നും സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി ഗോകുലന്‍ പറഞ്ഞു. വെള്ളിയാഴ്ച നടന്നത് കരട് ബജറ്റവതരണമാണെന്നും തിങ്കളാഴ്ച അന്തിമ ബജറ്റ് അവതരിപ്പിക്കുമെന്നുമാണ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പറയുന്നത്. വ്യക്തിപരവും ആശുപത്രി സംബന്ധമായ കാര്യങ്ങളായയതിനാലാണ് വിട്ടുനിന്നതെന്നാണ് പങ്കെടുക്കാത്തവര്‍ നല്‍കുന്ന വിശദീകരണം. തിങ്കളാഴ്ച നടക്കുന്ന അന്തിമ ബജറ്റ് അവതരണം പാസ്സാക്കാനും ആവശ്യത്തിന് അംഗബലമില്ലെങ്കില്‍ ഭരണസമിതിയെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുന്നനിയമം പഞ്ചായത്ത് രാജ് ആക്ടിലുണ്ടെന്നാണ് പറയുന്നത്. അത്തരത്തില്‍ ഒരു അവസ്ഥ സംജാതമായാല്‍ കെ ശശിധരന്‍ നേതൃത്വം നല്‍കുന്ന കൊണ്ടാഴി പഞ്ചായത്ത് ഭരണസമിതി ചരിത്രത്തിലെ കറുത്ത അധ്യായമായി ഇടംപിടിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: