സോപാനസംഗീതത്തില്‍ കഴിവുതെളിയിച്ച് അധ്യാപിക
പഴയന്നൂര്‍: സോപാന സംഗീതത്തില്‍ സ്വപ്രയത്‌നത്താല്‍ ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് പഴയന്നൂര്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായ ഡോ. സിന്ധു ശ്രീകുമാര്‍. പുരുഷാധിപത്യമുള്ള സോപാന സംഗീതത്തിലെ വേറിട്ട പെണ്‍ സ്വരമായി മാറിയിട്ട് അധിക കാലമായില്ല. 5 വര്‍ഷമായിട്ടേയുള്ളൂ സോപാനസംഗീതം അവതരിപ്പിച്ചു തുടങ്ങിയിട്ട്. ഇതിനോടകം പല ക്ഷേത്രവേദികളിലും വിശേഷ പരിപാടികളിലും സോപാന സംഗീതം അവതരിപ്പിക്കാനായി. സോപാന സംഗീതത്തിന് ക്ഷേത്രങ്ങളില്‍ സവിശേഷ പ്രാധാന്യമുണ്ട്. അതില്‍ സ്ത്രീകളുടെ കയ്യൊപ്പ് പതിയുന്നത് അപൂര്‍വ്വവുമാണ്. ചെറുപ്പത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചത് മുതല്‍ക്കൂട്ടായി മാറുകയായിരുന്നു. അധ്യാപന ജീവിതത്തിലെത്തിയശേഷമാണ് സോപാന സംഗീതത്തില്‍ പയറ്റിത്തെളിഞ്ഞത്. കൊട്ടിപ്പാടി സേവയെന്നുകൂടി അറിയപ്പെടുന്ന അനുഷ്ഠാന കലാ വിഭാഗത്തിലുള്‍പ്പെടുന്ന സോപാന സംഗീതം ഇപ്പോള്‍ കൂടുതല്‍ ജനകീയ വത്കരിക്കപ്പെടുകയാണെന്നാണ് ഡോ. സിന്ധുവിന്റെ അഭിപ്രായം. 5 പൂജകളിലാണ് ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടി സേവ നടത്തുന്നത്. 5 രാഗങ്ങളില്‍ ഇടയ്ക്കകൊട്ടി പാടും. അതേ സമയം ക്ഷേത്രത്തിന് പുറത്തുള്ള ചടങ്ങുകളില്‍ അവയ്ക്ക് അത്ര പ്രാധാന്യം കൊടുക്കാറില്ല. ക്ഷേത്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്ന സോപാന സംഗീതം കേട്ടാണ് ആകൃഷ്ടയായത്. പിന്നീട് ഏലൂര്‍ ബിജു, അമ്പലപ്പുഴ വിജയകുമാര്‍ എന്നിവരില്‍ നിന്നും നേരിട്ട് അഭ്യസിച്ചു. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ രായമംഗലം ചേലാമറ്റത്ത് വാരിയം കുടുംബാംഗമാണ്.