ആര്‍ദ്രകേരളം പുരസ്‌കാരങ്ങളില്‍ 5 എണ്ണം തൃശൂര്‍ ജില്ലയ്ക്ക് : വരവൂര്‍ പഞ്ചായത്ത്  ജില്ലയില്‍ രണ്ടാം സ്ഥാനത്ത്

തൃശൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരങ്ങളില്‍ 5 എണ്ണം തൃശൂര്‍ ജില്ലയ്ക്ക് ലഭിച്ചു. സംസ്ഥാന തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം മുല്ലശ്ശേരി ബ്ലോക്കിനും കോര്‍പറേഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം തൃശൂര്‍ കോര്‍പറേഷനും ലഭിച്ചു. ജില്ലാതല ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം വേളൂക്കര ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം വരവൂര്‍ ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം പാറളം ഗ്രാമപഞ്ചായത്തും സ്വന്തമാക്കി. ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്.

പാലിയേറ്റീവ് കെയര്‍ ദ്വിതീയ പരിചരണം, മറവി രോഗ പരിചരണം, മുതിര്‍ന്ന പൗരന്മാര്‍ക്കായി ഹൃദയ പരിശോധന പരിപാടിയായ ഹൃദയസ്പര്‍ശം, ഡയാലിസിസ് സൗകര്യം, മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നേട്ടം കരസ്ഥമാക്കിയത്. 10 ലക്ഷം രൂപയാണ് പുരസ്‌കാര തുക. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് കോര്‍പ്പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കോര്‍പ്പറേഷന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ ചികിത്സ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും രോഗി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുവാനും സാധിച്ചതിന്റെ ഫലമാണ് പുരസ്‌കാര നേട്ടം. സോളാര്‍ പാനല്‍ സ്ഥാപിക്കല്‍, മാലിന്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് കോര്‍പ്പറേഷന്‍ നടത്തിയത്. അഞ്ചു ലക്ഷം രൂപയാണ് പുരസ്‌കാര സമ്മാനമായി കോര്‍പ്പറേഷന് ലഭിച്ചത്. സാന്ത്വന പരിചരണം, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് വേളൂക്കര ഗ്രാമപഞ്ചായത്ത് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

പ്രതിരോധ കുത്തിവെപ്പ്, നടപ്പിലാക്കിയ നൂതന പരിപാടികള്‍, പൊതു സ്ഥലങ്ങളിലെ മാലിന്യനിര്‍മ്മാര്‍ജനം തുടങ്ങിയവ വരവൂര്‍ പഞ്ചായത്തിന് നേട്ടമായി. ശുചിത്വം മേഖലയിലെ ഭൗതിക സാഹചര്യങ്ങള്‍, ഗ്യാസ് ക്ലിനിക്, ആശ്വാസ് ക്ലിനിക്, വയോജന ക്ലിനിക്കുകള്‍, കൗമാര ക്ലിനിക് തുടങ്ങിയവയാണ് പാറളം പഞ്ചായത്തിനെ നേട്ടത്തിന് അര്‍ഹമാക്കിയത്. ജില്ലാ തലത്തില്‍ ഒന്നാംസ്ഥാനം നേടിയ വേളൂക്കര ഗ്രാമപഞ്ചായത്തിന് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടിയ വരവൂരിന് 3 ലക്ഷം രൂപയും മൂന്നാം സ്ഥാനം നേടിയ പാറളം ഗ്രാമപഞ്ചായത്തിന് 2 ലക്ഷം രൂപയും ലഭിച്ചു. തദ്ദേശ സ്വയം ഭരണ എക്സ് സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: