സരസ്വതി വിലാസം യു പി സ്‌കൂളധികൃതര്‍ക്ക് സംസ്‌കൃതവും വേണ്ട അധ്യാപികയും വേണ്ട

കൊണ്ടാഴി : വടക്കാഞ്ചേരി ഉപജില്ലയിലുള്‍പ്പെട്ട കൊണ്ടാഴി സരസ്വതി വിലാസം യു പി സ്‌കൂളില്‍ സംസ്‌കൃത അധ്യാപിക തസ്തിക എടുത്തുകളയാന്‍ മാനേജ്മെന്റ് നീക്കം. ഇതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂളിലെത്തി. സംസ്‌കൃത ഭാഷാപഠനം തെരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് പ്രധാനാധ്യാപികയുടെ മുറിക്കുമുന്നില്‍ പ്രതിഷേധിച്ചത്. മാനേജ്മെന്റിന്റെ തെറ്റായ നടപടിയെന്നാരോപിച്ചാണ് പ്രതിഷേധം. പാര്‍ട് ടൈം സംസ്‌കൃതം ലാം ഗ്വേജ് അധ്യാപികയായ പി ഡി വിദ്യയെ തത്സ്ഥാനത്തുനിന്നും നീക്കാനുള്ള നടപടിയാണെന്നാരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തി. മാനേജ്മെന്റ് നിലപാടിനെത്തുടര്‍ന്ന് വിദ്യയുടെ സ്ഥിര നിയമനം പ്രതിസന്ധിയിലായിരിക്കുകയാണ്. വിദ്യയുടെ നിയമന രേഖകള്‍ അംഗീകരിക്കുന്നതിനായി വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ സ്‌കൂള്‍ മാനേജ്‌മെന്റ് അയച്ചുകൊടുത്തിരുന്നു. പക്ഷേ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിയമനത്തിലെ ചില സാങ്കേതിക കാരണങ്ങള്‍ കാട്ടി നിയമനം മടക്കിയിരുന്നു.15 ദിവസത്തിനുള്ളില്‍, അതിനെതിരെ അപ്പീല്‍ പോകേണ്ട സാഹചര്യത്തില്‍, മാനേജര്‍ അതിന് തയ്യാറാകാതെ ഇരിക്കുകയും, തസ്തിക ഇല്ലാതാക്കിയും, വിദ്യയെ രജിസ്റ്ററില്‍ ഒപ്പിടാന്‍ അനുവദിക്കാതെയും, കുട്ടികളെയും, അധ്യാപികയേയും ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്..വിദ്യാര്‍ത്ഥികളെ സംസ്‌കൃത ക്ലാസ്സില്‍ നിന്ന് പ്രധാനധ്യാപിക ഇറക്കി കൊണ്ടുപോയി,സംസ്‌കൃത ക്ലാസ്സില്‍ പോകരുത് എന്ന് ഭീഷണി പ്പെടുത്തുകയും, ഇനിയുള്ള സംസ്‌കൃത ക്ലാസുകള്‍ സംസ്‌കൃതം അറിയാത്ത അധ്യാപകര്‍ എടുക്കും എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തുകയും ഉണ്ടായി…2022-2023-ലും 2023-24 കാലഘട്ടത്തിലും, തസ്തിക നിര്‍ണ്ണയത്തില്‍ സംസ്‌കൃതം ജൂനിയര്‍ ലാംഗ്വേജ് പാര്‍ട്ട് ടൈം തസ്തികയും, അതിലേക്ക് നിയമിതയായ അധ്യാപികയും, മതിയായ കുട്ടികളും ഉണ്ടായിരിക്കെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ലംഘിക്കുന്നത് നിയമ വിരുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ചൂണ്ടികാട്ടി.യാഥാര്‍ഥ്യം ഇതായിരിക്കെ സ്‌കൂളില്‍നിന്ന് സംസ്‌കൃത ഭാഷാപഠനം നീക്കം ചെയ്യുകയാണെന്ന് രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിലും സോഷ്യല്‍ മീഡിയയിലും സ്‌കൂളധികൃതര്‍, തെറ്റിദ്ധരിപ്പിക്കും വിധം പോസ്റ്റിട്ടു. എന്തുതന്നെയായാലും സംസ്‌കൃതം പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കരുതെന്ന് പിടിഎ വൈസ് പ്രസിഡന്റ് ഷണ്മുഖന്‍ പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രധാനാധ്യാപിക പറയുന്നത്… എന്നാല്‍ ഒരു ദിവസം പോലും വൈകിക്കാതെ പരിഹാരം കണ്ട് സമാധാന അന്തരീക്ഷത്തില്‍ അധ്യാപികക്ക് ക്ലാസ്സെടുക്കാന്‍ സാധിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അധ്യാപിക വിദ്യ വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയറക്ടര്‍, പഴയന്നൂര്‍ പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: