പറക്കോട്ടുകാവ് താലപ്പൊലിക്ക് 2 കോടി രൂപയുടെ ഇന്‍ഷൂറന്‍സ്
തിരുവില്വാമല : പറക്കോട്ടുകാവ് താലപ്പൊലി സുഗമമായി നടത്തുന്നതിന് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി കൂടിയാലോചനായോഗം സംഘടിപ്പിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം കെ സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു. തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം അന്നദാനമണ്ഡപത്തില്‍ വെച്ചാണ് യോഗം നടന്നത്.
താലപ്പൊലി കോര്‍ഡിനേഷന്‍ കമ്മിറ്റി, ക്ഷേത്ര ഉപദേശക സമിതി, ദേവസ്വം, ഗ്രാമ പഞ്ചായത്ത് എന്നിവര്‍ ചേര്‍ന്ന് ആവശ്യമായ ശുദ്ധജലം ലഭ്യമാക്കുന്നതിനും ആംബുലന്‍സ് സൗകര്യത്തോടുകൂടിയ മെഡിക്കല്‍ സേവന കേന്ദ്രം ക്ഷേത്ര പരിസരത്ത് സജ്ജീകരിക്കുന്നതിനും ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ് സേവനം ഉറപ്പുവരുത്തുന്നതിനും ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിന് എക്‌സെസ് സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു. കൂടാതെ വെടിക്കെട്ടുമായി ബന്ധപ്പെട്ട് പോലീസ് നിര്‍ദേശിക്കുന്ന ദൂരപരിധി അനുസരിച്ച് ബാരിക്കേഡ് കെട്ടും. പോലീസ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ദേശക്കമ്മറ്റിക്കാരെയും, ചുമതലപ്പെടുത്തി. പത്രമാധ്യമങ്ങളുടെ സഹായം തേടുന്നതിനും തീരുമാനിച്ചു, റോഡ് ഷോ ഉള്‍പ്പെടെയുള്ള എഴുന്നള്ളിപ്പുകള്‍ മുന്‍നിശ്ചയ പ്രകാരമുള്ള സമയക്രമം പാലിച്ച് ക്ഷേത്രത്തിലേക്കെത്തിക്കുന്നതിനും, ഇതിനാവശ്യമായ വോളണ്ടീയര്‍മാരെ സജ്ജമാക്കുന്നതിന് ദേശ കമ്മിറ്റിക്കാരെയും, പോലീസിനേയും ചുമതലപ്പെടുത്തി. ഉത്സവം 2 കോടി രൂപക്ക് ഇന്‍ഷൂറന്‍സ് ചെയ്യുമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ എം ബി മുരളീധരന്‍, പ്രേംരാജ് ചൂണ്ടലാത്ത് , ദേവസ്വം കമ്മീഷണര്‍ സി അനില്‍കുമാര്‍,ഡെപ്യൂട്ടി കമ്മീഷണര്‍ സുനില്‍ കര്‍ത്ത,അസി. കമ്മീഷണര്‍ കെ കെ കല, ദേവസ്വം ഓഫീസര്‍മാരായ മനോജ് കെ നായര്‍, സുമ, ജില്ലാ പഞ്ചായത്തംഗം ദീപ എസ് നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ്, പഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ, വൈസ് പ്രസിഡന്റ് എം ഉദയന്‍, പഴയന്നൂര്‍ സിഐ പി ടി ബിജോയ്, ദേശ കമ്മിറ്റി പ്രതിനിധികളായ സുരഭില്‍ പോന്നാത്ത്, എസ് രാമചന്ദ്രന്‍, സി വി ദിനേശന്‍, രാഷ്ട്രീയപ്രതിനിധികളായ കെ ആര്‍ മനോജ് കുമാര്‍, ഷീല പണിക്കര്‍, കെ സത്യന്‍ എന്നിവര്‍ സംസാരിച്ചു.