ഹോട്ടലിലേക്കും വീട്ടിലേക്കും പെട്രോള്‍ നിറച്ച കുപ്പി കത്തിച്ചെറിഞ്ഞ് ആക്രമണം നടത്തിയ 8 പ്രതികള്‍ പിടിയില്‍

വടക്കാഞ്ചേരി: പൂമല പറമ്പായ് പള്ളിക്കു സമീപമുള്ള ഹോട്ടലിലേക്കും ഉടമയുടെ വീട്ടിലേക്കും പെട്രോള്‍ നിറച്ച കുപ്പി കത്തിച്ചെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 8 പ്രതികള്‍ പോലീസ് പിടിയിലായി. നവംബര്‍ 24 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. പൂമല പറമ്പായി കോന്നിപ്പറമ്പില്‍ അരുണ്‍ (29) പറമ്പായ് പള്ളിക്കു സമീപം നടത്തുന്ന ഹോട്ടലിലേക്കാണ് അക്രമികള്‍ ആദ്യം പെട്രോള്‍ നിറച്ച് കുപ്പി എറിഞ്ഞ് കത്തിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് അരുണിന്റെ വീട്ടിലേക്കും സമാനമായ പെട്രോള്‍ ആക്രമണം നടത്തി.നിലത്തുകിടന്നിരുന്ന റബ്ബര്‍ ചവിട്ടിയില്‍ കത്തിപ്പിടിച്ചുവെങ്കിലും തീ അകത്തേക്ക് പകര്‍ന്ന് അപകടം ഉണ്ടായില്ല. ഹോട്ടലുടമയുടെ വീടിനുനേരെയുള്ള ആക്രമണത്തിന് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലും, ഹോട്ടലിനുനേരെയുള്ള ആക്രമണത്തിന് വിയ്യൂര്‍ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ അക്രമം നടത്തിയ എട്ടു പേരെ വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ കെ.സി. ബൈജുവും സംഘവും ഒളിത്താവളങ്ങളില്‍ നിന്നും പിടികൂടി. പൂമല പറമ്പായി വട്ടോളിക്കല്‍ സനല്‍ (24), ചെപ്പാറ തെറ്റാലിക്കല്‍ ജസ്റ്റിന്‍ ജോസ് (23), ചോറ്റുപാറ കൊല്ലാറ വീട്ടില്‍ അക്ഷയ് സുനില്‍ (20), പേരാമംഗലം പുഴക്കല്‍ ദേശം ഈച്ചരത്ത് അഖിലേഷ് (20), പ്രായപൂര്‍ത്തിയാകാത്ത 17 വയസ്സുകാരന്‍, കിള്ളനൂര്‍ പൂമല വാഴപ്പുള്ളി വീട്ടില്‍ ജിജോ ജോബി (20), തിരൂര്‍ മുണ്ടന്‍പിള്ളി പുത്തുപുള്ളില്‍ വീട്ടില്‍ അഖില്‍ (27), ചാഴൂര്‍ അന്തിക്കാട് പുത്തന്‍വീട്ടില്‍ സുബിജിത് (18) എന്നിവരാണ് അറസ്റ്റിലായവര്‍. സനല്‍, ജസ്റ്റിന്‍ ജോസ് എന്നിവര്‍ വടക്കാഞ്ചേരി പോലീസ് സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളുമാണ്. സനലിനെതിരെ വടക്കാഞ്ചേരി, മെഡിക്കല്‍ കോളേജ്, ടൗണ്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി നാല് ക്രിമിനല്‍ കേസുകളും, ജസ്റ്റിനെതിരെ 10 ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. അക്ഷയ് , അഖിലേഷ്, പ്രായപൂര്‍ത്തിയാകാത്ത 17 കാരന്‍ എന്നിവര്‍ക്കെതിരെ മയക്കുമരുന്ന് കേസുകളും, നിധിന്‍, ജിജോ എന്നിവര്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അക്രമം, പിടിച്ചുപറി കേസുകളും നിലവിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: