ഓട്ടോറിക്ഷ അപകടത്തില്‍ നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
തിരുവില്വാമല : സ്‌കൂള്‍ വിട്ട് ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. കൊണ്ടാഴി പാറമേല്‍പ്പടി അരിമ്പന്‍ കുണ്ടില്‍ (കാഞ്ഞങ്ങാട്ടില്‍ ) നന്ദകുമാരിന്റെയും രമ്യയുടെയും മകള്‍ നേഹ നന്ദന്‍ (9) ആണ് മരിച്ചത്. തിരുവില്വാമല പുനര്‍ജനി ഗാര്‍ഡന്‍സ് ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബന്ധുകൂടിയായ
ഓട്ടോറിക്ഷ ഡ്രൈവര്‍ തരൂര്‍ ഉള്ളാട്ടുവീട്ടില്‍ സുനിലിന് (43) തെറിച്ചുവീണ് പരിക്കുണ്ട്. ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥികളെ കയറ്റിക്കൊണ്ടുപോകുന്നതിനിടെ പുനര്‍ജനി ഗാര്‍ഡന്‍സ് രണ്ടാം ഗെയ്റ്റിനുസമീപത്തുവെച്ചാണ് അപകടം. ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നേഹയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പട്രോളിങ് നടത്തുകയായിരുന്ന പഴയന്നൂര്‍ പൊലീസിന്റെ ജീപ്പില്‍ ഉടനെതന്നെ വടക്കേത്തറയിലുള്ള പഴയന്നൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുവിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷിതരാണ്. തരൂരിലുള്ള അമ്മ വീട്ടിലാണ് നേഹയും അമ്മയും സഹോദരിയും താമസിക്കുന്നത്. അച്ഛന്‍: നന്ദകുമാര്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം സഹോദരി: നയന നന്ദന്‍.