ധനുമാസത്തിലെ തിരുവാതിര
പഴയന്നൂര്‍ : ധനുമാസത്തിലെ തിരുവാതിര മലയാളി മങ്കമാരുടെ ഇഷ്ടപ്പെട്ട ആഘോഷമാണ്. നാഴികക്കണക്കില്‍ രാത്രി തിരുവാതിര വരുന്ന ദിനത്തില്‍ ഉറക്കമൊഴിച്ചും പാതിരാപ്പൂ ചൂടിയും വൃതമനുഷ്ഠിച്ചുമാണ് സ്ത്രീകളുടെ തിരുവാതിരയാഘോഷം. ഇത്തവണ രാത്രിയും വെള്ളിയാഴ്ച തിരുവാതിര നിന്നിരുന്നു. തിരുവാതിര ദിനം വരെ അടുപ്പിച്ച് 12 ദിവസം അടുപ്പിച്ച് സ്ത്രീകള്‍ കൂട്ടമായി പാതിരാപ്പൂ പൂജ നടക്കുന്നയിടത്ത് തിരുവാതിരക്കളി നടത്തും. ഇത്തവണ തലേന്ന് രാത്രിയിലാണ് തിരുവാതിര ഉറക്കമിളയ്ക്കല്‍ നടത്തിയത്. കാളകൂടം വിഷം കഴിച്ച ശിവന്റെ കണ്ഠത്തില്‍ കൈപിടിച്ചശേഷം പാര്‍വ്വതീദേവി ശിവന്റെ രക്ഷക്കായി ഉറക്കമൊഴിച്ചതുമായി ബന്ധപ്പെട്ടും കാമദേവന്റെ പുനര്‍ജന്മത്തിനായി രതീദേവി ഉറക്കമൊഴിച്ചതുമായി ബന്ധപ്പെട്ടും പാര്‍വ്വതീദേവിയുടെ കൂട്ടുകാരിയായ മാമല മങ്കയുടെ ഭര്‍ത്താവിന്റെ പുനര്‍ജന്മവുമായി ബന്ധപ്പെട്ടും തിരുവാതിരയ്ക്ക് ഐതിഹ്യപെരുമതന്നെയുണ്ട്. ഭര്‍ത്താവിന്റെ ശ്രേഷ്ഠതയ്ക്കായി അരിയാഹാരം വര്‍ജ്ജിച്ചാണ് തിരുവാതിര വൃതം നോല്‍ക്കാറുള്ളത്. കാവത്ത് പുഴുക്കും, കൂവപ്പായസവും ഗോതമ്പ് കഞ്ഞിയും പപ്പടവുമൊക്കെയാണ് ഭക്ഷണമായി ഉപയോഗിക്കുന്നത്. പാതിരാപ്പൂ പുരുഷന്മാര്‍ ഒളിപ്പിച്ചു വെയ്ക്കുകയും സ്ത്രീകള്‍ അത് കണ്ടെത്തുകയുമൊക്കെ ആഘോഷത്തിലുള്‍പ്പെടും. 1 മുതല്‍ 10 വരെയുള്ള ചുവടുപാട്ടുകള്‍പാടിയാണ് കണ്ടെത്തിയ പാതിരാപ്പൂ പൂജയ്ക്കായി എടുത്തുകൊണ്ടുവരിക. പാടങ്ങളില്‍ കാണപ്പെടുന്ന അടക്കാമണിയന്‍ ഇലകളാണ് പാതിരാപ്പൂവായി ഉപയോഗിക്കുന്നത്. ചെത്തിക്കൊടുവേലിയും പാതിരാപൂവായി ചൂടും. ദശപുഷ്പങ്ങളോടൊപ്പം പാതിരാപൂവും അടക്കാമണിയന്‍ (പാടത്തെ ) തിരുജട(പറമ്പിലെ) എന്നിവയും മുടിയില്‍ ചൂടും. എല്ലാം സമൂലമാണ് ഉപയോഗിക്കുക. 108 വെറ്റില മുറുക്കുന്ന പതിവുമുണ്ട്. വെറ്റില, അടക്ക, ചുണ്ണാമ്പ്(മൂന്നും കൂട്ടി). പൂജയ്ക്ക് ശേഷം ചുവടുപാട്ടുകളും അരങ്ങേറും.മാണിക്ക്യച്ചെമ്പഴുക്ക, തുമ്പിതുള്ളല്‍,അഴിയും പുലിയും തുടങ്ങിയ കളികളും ഉണ്ടായിരിക്കും.പുത്തന്‍തിരുവാതിരക്കാരും പങ്കെടുക്കും. തെക്കന്‍ ജില്ലകളാലാണ് തിരുവാതിര ആഘോഷം മുറ്റി നില്‍ക്കുന്നത്. എട്ടുകിഴങ്ങുകള്‍, മുതിര, പയര്‍, കരിക്ക് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന എട്ടങ്ങാടി ഇവിടങ്ങളില്‍ പ്രസിദ്ധമാണ്.